പെരിന്തല്‍മണ്ണ: വാനനിരീക്ഷണത്തിനും ശാസ്ത്രപഠനത്തിനും ആധുനികരീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കി പെരിന്തല്‍മണ്ണയില്‍ സ്ഥാപിക്കുന്ന ഗലീലിയോ സയന്‍സ് സെന്ററിന്റെ രൂപരേഖ പ്രകാശനം ചെയ്തു. ദേശീയ ശാസ്ത്രദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സി. വൈസ് പ്രസിഡന്റ് ഡോ. സി.ടി.എസ്. നായര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
വാനനിരീക്ഷണത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് ശാസ്ത്ര പരീക്ഷണശാലകള്‍, ശാസ്ത്രപാര്‍ക്ക്, പെഡഗോഗി പാര്‍ക്ക്, എനര്‍ജി പാര്‍ക്ക്, ജീവശാസ്ത്ര പാര്‍ക്ക് എന്നിവ ഇവിടെയുണ്ടാവും.
നിരീക്ഷണങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ഡോര്‍മെറ്ററി, ഐ.ടി അധിഷ്ഠിത ലൈബ്രറി സംവിധാനം, ശാസ്ത്ര സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താന്‍ ആധുനിക സജ്ജീകരണമുള്ള ഓഡിറ്റോറിയങ്ങള്‍ എന്നിവയും സെന്ററിലുണ്ടാവും.
കൂടാതെ നൂതന ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രീതികള്‍ പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളിലും അധ്യാപകരിലും പൊതുജനങ്ങളിലും ശാസ്ത്രാവബോധം വളര്‍ത്തുക എന്നതും കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്. പെരിന്തല്‍മണ്ണ നഗരസഭ വിട്ടുനല്‍കിയ 1.43 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുന്നത്. പെരിന്തല്‍മണ്ണ- മണ്ണാര്‍ക്കാട് റോഡില്‍ കുളിര്‍മലയിലാണിത്. 5.41 കോടി രൂപയോളമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ മനഴി സ്റ്റാന്‍ഡില്‍ നഗരസഭ വിട്ടുനല്‍കിയിട്ടുള്ള 2000 ചതുരശ്ര അടിസ്ഥലത്ത് പെഡഗോഗി പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ താത്കാലികമായി പ്രവര്‍ത്തിക്കും.
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സര്‍വശിക്ഷ അഭിയാന്‍, പെരിന്തല്‍മണ്ണ നഗരസഭ, വി.ശശികുമാര്‍ എം.എല്‍.എ, മുന്‍ എം.പി എ.വിജയരാഘവന്‍ എന്നിവരുടെ വികസനഫണ്ട്, വി.എസ്.എസ്.സി, ഐ.എസ്.ആര്‍.ഒ തുടങ്ങിയ ഏജന്‍സികളുടെയും സഹായം എന്നിവയോടെയാണ് സെന്റര്‍ തുടങ്ങുന്നത്.
നിലവില്‍ സംസ്ഥാനത്ത് നാല് സെന്ററുകളാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനത്തിനും താത്കാലികമായി താമസിച്ച് പഠിച്ച് പോകാവുന്ന തരത്തിലാവും സെന്റര്‍ പ്രവര്‍ത്തിക്കുക.
ചടങ്ങില്‍ വി.ശശികുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് വിദ്യാര്‍ഥി ഗോകുല്‍ രൂപകല്പന ചെയ്ത എംബ്ലം മുന്‍ വിദ്യാഭ്യാസ മന്ത്രി എന്‍.സൂപ്പി പ്രകാശനം ചെയ്തു. സ്ഥലം വിട്ടുനല്‍കിയ വി.ഭരതനെ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സുധാകുമാരി ആദരിച്ചു. നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ഗിരിജ രൂപരേഖ ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍ എസ്.എസ്.എ വിഹിതം ഏറ്റുവാങ്ങി.
ശാസ്ത്രജ്ഞന്മാരായ വി.പി.ബാലഗംഗാധരന്‍, ഡോ.സി.പി.അരവിന്ദാക്ഷന്‍, പ്രൊഫ.കെ.പാപ്പുട്ടി എന്നിവര്‍ വിവിധ ശാസ്ത്ര വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു. തുടര്‍ന്ന് ശാസ്ത്ര സംവാദവും ശാസ്ത്ര പ്രദര്‍ശനവും നടന്നു. കെ.സുധാകുമാരി, വി.അജിത് പ്രഭു, കാട്ടുങ്ങല്‍ നസീറ, എം.കെ.ശ്രീധരന്‍, വി.ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആസ്ട്രോ പ്രതിനിതികളായ ആബിദ് ഒമര്‍,വിഷ്ണുപ്രസാദ് എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
ഈ പരിപാടിയില്‍ ക്ലാസ് എടുത്ത ശാസ്ത്രഞ്ഞന്മാരോട് നിങ്ങള്‍ക്കും സംവദിക്കാം.
V.P.Blagangatharan(vssc):vpbalagangatharan@gmail.com
Prof.K.Pappotty :9447445522